Saturday, May 30, 2009

ഭാഗീരഥി ... (കവിത)

ഭാഗീരഥീ ,
നിന്നെ ഞാന്‍
എങ്ങിനെയാണ് വായിക്കുക ?
നിന്നതിരുകളില്‍
തഴച്ച വിപണികള്‍
ഹരിദ്വാര്‍ , വാരാണസി
മോക്ഷത്തിന്‍ നിലവിളിക്കുന്നുകള്‍...

അടിയൊഴുക്കില്‍
കലങ്ങിയ പാപക്കറ ?!
നിരന്നു ഞെളിയുന്നൂ
മോക്ഷത്തിന്നടുപ്പുകള്‍
ഉരുകിവീഴുമാ നെയ്‌ച്ചാറും ...
പിറവിതൊട്ടേ തൊട്ടിലിലൂടെ,
ശവത്തിലേക്കുമാ കച്ചവടം ...

കനല്‍ കെട്ടടങ്ങാത്ത പട്ടടകള്‍ ...
പാതി വെന്ത ശവങ്ങള്‍ ...
ഒടുങ്ങാത്ത പുക ...
എണ്ണ വീണു തെന്നുന്ന പടവുകള്‍ ...
അഴുകിയ പൂക്കള്‍...
ഭാംഗിന്റെ ലഹരിയില്‍,
വയറൊട്ടി ,
പാതിയടഞ്ഞ കണ്ണുമായ്‌ പാണ്‍ഡകള്‍...
ഇനിയും കത്തിത്തീരാത്ത ചിതയില്‍
വെള്ളം തളിച്ച് ,
മറ്റൊന്നിനായ്‌ തോട്ടികള്‍...

മോക്ഷമേറ്റുവാങ്ങാന്‍
കോരിയെടുത്ത ജലത്തില്‍
ഇനിയും പല്ലിളകാത്ത താടിയെല്ല്...
കാലന്റെ ,
വിണ്ടുകീറിയ മെതിയടിപ്പാടുകള്‍ .
പിതൃദഹനത്തിനായുടുതുണിയുരിഞ്ഞ
മകളുടെ ദീനത ...

ഇടറുന്ന കാലുകളില്‍ മടങ്ങുന്നൂ ,
ഞാന്‍ ഭഗീരഥന്‍ ..
ഭാഗീരഥീ ,
നിന്‍ കണ്ണീരൊപ്പാനേതു കൈലേസ്‌ ?!

വൃത്തത്തിന്റെ ചതുരന്‍ തോണി (കവിത )...

വൃത്തത്തില്‍ എഴുതില്ല ;
ശഠിക്കുമ്പോഴും
അതങ്ങനെയാകുന്നത്
കോട്ടുവായുടെ പിരിയന്‍ കോണിയിലാണ്...
അക്ഷരങ്ങള്‍ പെറുക്കിവച്ച്
പാമ്പും കോണി കളിക്കുമ്പോള്‍
കവിതയെന്നു ചൊല്ലിയത് ഗുരുനാഥന്‍ ...
വേലിപ്പടര്‍പ്പില്‍ കിടക്കുന്ന
പാമ്പിനെ ലാളിച്ചതും ...
വൃത്തത്തെ തള്ളിപ്പറഞ്ഞ
ചങ്ങമ്പുഴയെ വായിക്കുമ്പോള്‍
വൃത്തത്തിലൊതുങ്ങിയ പ്രതീതി ...
അതൊരു കോളമെന്നു ,
ഒതുക്കുശാസ്ത്രത്തിന്റെ
അടിവേരുകള്‍ പതുങ്ങികിടക്കുന്നുവെന്നും
ഗുരുനാഥന്‍ ചൊല്ലിയപ്പോള്‍
ഇന്നിന്റെ ജീര്‍ണതയോര്‍ത്തില്ല ...
മഞ്ചാടി നിരത്തിയും
കൊത്തങ്കല്ലാടി കളിച്ചും
മയില്പീലിത്തി‍ളക്കത്തില്‍ മയങ്ങിയും
കടവിലെത്തുമ്പോള്‍ ,
അടി തുളഞ്ഞൊരു തോണി...
മറുകര പറ്റാനാവാതെ
മഴനനഞ്ഞങ്ങിനെ ...

Saturday, May 23, 2009

നാളെയുടെ ചിത...(കവിത)

ചിന്തയുടെ താഴ്വേരില്‍
ധനതത്വശാസ്ത്രത്തിന്‍റെ
വിഷം കുത്തി
നീ ചിരിച്ചത്‌ ...
സബ്സിഡി വെട്ടിച്ചുരുക്കാന്‍
കിഴക്കിറങ്ങിയ തീട്ടൂരം ...
തൂലിക ചതിച്ചത്‌
ഒരു തലമുറയേറ്റുവാങ്ങിയ
ദുരന്തം ...
അച്ചിന്റെ കെണിയില്‍
അധിനിവേശം
തേരു തെളിച്ചത് ...
കെട്ട വിളക്കിന്‍റെ ദുഃഖം
നാളെയുടെ ചിത ...

മുഴക്കോലിന്റെ നീതി ശാസ്ത്രം (കവിത)

ഭൂപടത്തില്‍ നാം എവിടെയാണ്?
ഉടല്‍ എന്ന നിലയില്‍
ചിക്കി ചികഞ്ഞാല്‍
ഹൃദയമെവിടെ?
ചങ്കെന്നു വിളിക്കുന്ന
പ്രണയ ശാസ്ത്രത്തില്‍
സ്നേഹത്തിന്‍ ഭൂപട നിര്‍മിതിയോ?
തെക്ക്,
വടക്ക്,
കിഴക്കും പടിഞ്ഞാറും
യുദ്ധത്തിന്‍ സഞ്ചാര സാഹിത്യത്തില്‍
നുണ ചരിതത്തിന്‍ പുഞ്ചിരി ...
ദേശം , ഭാഷ , കാലം -
നമ്മെ അളക്കുന്ന മുഴക്കോലിന്റെ
നീതി ശാസ്ത്രത്തില്‍
പുതു വ്യാകരണ നിര്‍മിതിയുടെ
കവിത എന്താവാം ആവശ്യപ്പെടുക?
ഹൃദയം,
മനസ്സ്,
തലച്ചോറും...
കാഴ്ച്ചയുടെ വിപ്ലവത്തില്‍
ചിന്നിയ തലച്ചോറില്‍
അധിനിവേശ കിനാക്കള്‍..

വര്‍ത്തമാനത്തിലെ തിമിരക്കാഴ്ച... (കവിത)

ആഗോളീകരണപ്പാതയില്‍
അണുപ്രസരണ കേന്ദ്രത്തിനു മുന്നില്‍
കരണ്ടു കമ്പിയില്‍ ഒട്ടിയ ബലിക്കാക്കക്ക്
എന്തെങ്കിലും പറയാനുണ്ടാകുമോ?
ഒരക്ഷരം മിണ്ടരുതെന്ന്
മാധ്യമ സിണ്ടിക്കേറ്റ്...
കാക്കയുടെ വയറ്റില്‍ ഇനിയും
ദഹിക്കാത്ത ബലിച്ചോറ് ,
മാമ്പഴത്തിലൂടെ കയറിയ എന്ടോസള്‍ഫാന്‍ ,
അരിയില്‍ ചേര്‍ത്ത റെഡ് ഓക്സൈഡ്
കാക്കയുടെ ഉടലിനെ
ഒരാള്‍ എങ്ങിനെയാണ് വായിക്കുക ?
കാക്കയുടെ ചൂര് ,
മരണത്തിന്റെ ,
ആത്മഹത്യയുടെ ...
അതൊരു കൊലയെന്ന്
എഴുതി ചേര്‍ക്കാന്‍ മറക്കുന്നത് ,
വിരലുകള്‍
അതിനു മാപ്പ് സാക്ഷിയാകാന്‍
മടിക്കുന്നിടത്താണ് ...