Friday, June 19, 2009

നിറങ്ങളുടെ വിഷ നിര്‍മ്മിതി...(കവിത)

പച്ച, കാവി, ചുവപ്പ്, വെളുപ്പും,
നീളുന്ന പട്ടിക...
ഒന്ന് മറ്റൊന്നില്‍ ലയിച്ച്
പിറക്കുന്ന നിറത്തെ
എങ്ങനെയും രേഖപ്പെടുത്തട്ടെ...
മുഖങ്ങളില്‍ കാഴ്ച ബീഭത്സമാകുന്നത്
ഏതിന്ദ്രിയ നിര്‍മിതി?
തെരുവില്‍ നീട്ടുന്ന പാത്രത്തിനു നിറമില്ലാതിരിക്കാം,
റിസര്‍വ്ബാങ്ക് അടിച്ച നോട്ടിനും...
നിറങ്ങള്‍ പിറക്കുന്നത്‌
പോക്കറ്റിലെ രേഖാചിത്രങ്ങളില്‍...
നെഞ്ചിടിപ്പേറ്റുവാങ്ങി
വിര‍ലില്‍ത്തൂങ്ങി വെളിച്ചം കാണുമ്പോള്‍
ദാരിദ്ര്യത്തിലേക്ക് നീട്ടുന്ന
ദാനമാവില്ല രേഖപ്പെടുത്തുക...
പോക്കറ്റില്‍ നിന്നും
ചട്ടിയിലെക്കുള്ള ദൂരത്തില്‍
വര്‍ഗീയതയുടെ വിഷച്ചാല്‍...
അതുകൊണ്ടാകാം
ചട്ടിയിലെ പണം ആമാശയത്തില്‍
ദഹിക്കാതെ കലമ്പുന്നത്.
കിനാവിന്റെ ഭീകരക്കാഴ്ച്ചയില്‍
നഷ്ട്ടപ്പെടുന്നതും....

വൈറസിന്റെ നാനാര്‍ഥങ്ങള്‍...(കവിത )

വിളക്കുമരത്തില്‍ ചാഞ്ഞുപെയ്യുന്ന മഴയ്ക്ക്
പകലില്‍ എന്തെല്ലാം പറയാനുണ്ടാകും...
തെരുവില്‍
കൊതുകു കടിയേറ്റു നരകിച്ച സ്ത്രീ,
കാലില്ലാത്ത വൃദ്ധന്‍,
ചാവാലിപ്പട്ടിയുടെ വൃണം..

കത്തുന്നപുരയിലേക്കേന്തി നോക്കി
വാഴക്ക്‌ നേരെ തിരിഞ്ഞ കൈ
മുഷിപ്പന്‍ പ്രയോഗം...
തലയില്‍ തീയുമായോടുന്ന
പെണ്ണിനെ പിന്തുടരുന്നത്
പുത്തന്‍ സംസ്കാര രചന...

അതിര്‍ത്തി വെടികള്‍,
സന്ധി ഭാഷണവും
വിരസമായ വാര്‍ത്ത...

പക്ഷിപ്പനി,
പുതു വൈറസ് ആവണമെന്നില്ല;
നാഗസാക്കിക്ക്,
വിയറ്റ്നാമിലെക്ക്,
മറ്റെവിടെക്കൊക്കെയോ
ഒരുക്കിയ വിത്തിന്റെ മറ്റൊരു മുഖം.

അങ്ങനെ...

അതിര്‍ത്തികള്‍ താണ്ടി
പുതിയ രചനയില്‍
പന്നിപ്പനി ഇടം പിടിക്കുന്നത്‌
മറ്റൊരു വാര്‍ത്തക്ക്
കാതോര്‍ത്തുകൊണ്ട്...

Thursday, June 4, 2009

പാദരക്ഷകള്‍ പറയുന്നത്...(കവിത)

എറിയുന്നവനും കൊള്ളുന്നവനും
ഒരേകാലത്തിന്റെ
നൂല്‍പ്പാലത്തിന്‍ ഇര.
ഒരേ അക്ഷരപാതയില്‍ വിരിഞ്ഞത്...
സസ്യശാസ്ത്ര മെന്തുചൊല്ലട്ടെ,
പൂക്കളെന്നു കേള്‍ക്കേ
ഒരേ ഇനത്തെ കാണുന്നത് ഇന്ദ്രീയച്ചതി.

എറിയുന്നവനും കൊള്ളുന്നവനും
ഒരേ പാദരക്ഷയുടെ ചിരിയാവുന്നത്
കാലം നീട്ടിയ ശിക്ഷയോര്‍ത്ത്...

ഹിരോക്ഷിമ,
നാഗസാക്കി...
ഇനിയുമെത്ര നാമങ്ങള്‍...
രഥങ്ങള്‍ ഉഴുതുമറിച്ച അസ്ഥിസ്ഥലികള്‍
രേഖയിലില്ലാതെയാവുന്നത്
തൂലികയുടെ തെറ്റല്ല.

മറ്റൊരു ചതി!

പഴയ മുറിച്ചുരിക ചരിതം അവിടെ നില്‍ക്കട്ടെ,
കണ്ണൂരോ കണ്ണന്നൂരോ
എന്തുമാവട്ടെ;
ഏറുകൊണ്ട മുഖം ഇനിയും
വിഷ വിത്തിറക്കും
കൊയ്യാനാളില്ലെങ്കിലും ...

നീര്‍മാതളങ്ങളെ സ്നേഹിച്ചവൾക്കായി ...(കവിത)

നീ നടന്ന പാതകള്‍,
കല്‍ക്കട്ട,
മുംബൈ ,
അനന്തപുരി,
എറണാകുളം,
പിന്നെയും മുംബൈ...
നീ എന്തായിരുന്നുവോ
അത് വായിക്കപ്പെടാതെ...
നീ എന്തിനായിരുന്നുവോ
അത് അറിയപ്പെടാതെ...
നീ കുറിച്ച അക്ഷരം തന്നെ
ഞാനും നിരത്തി വയ്ക്കുന്നു...
എന്നെയും നിന്നെയും
രണ്ടായി വായിച്ചു ലോകം..
നിനക്കായി ഒഴുക്കുന്ന കണ്ണീരിനു
ഉപ്പു രസമെങ്കിലും
നാനാര്‍ത്ഥം...
നീ നീയാകുന്നത് നിന്നിലൊതുങ്ങുന്ന ബിന്ദു...
ഞാന്‍ എന്നെ വായിച്ചിട്ടുണ്ട് നിന്നിലൂടെ,
നിന്റെ നീര്മാതളത്തില്‍
ഞാന്‍ കണ്ട ഗുല്‍മോഹര്‍...
നിന്റെ കണ്ണനെ നീ എങ്ങനെയാണോ കണ്ടത്
അതിനപ്പുറത്തേക്ക് എന്റെ ഉള്‍ക്കാഴ്ച.
നീയും ഞാനുമെന്ന കാലത്തില്‍
ഒറ്റയടിപ്പാതയില്‍ നിന്നും
നീ കടന്നുപോകുന്നു...
ഒടുവില്‍ നിനക്ക് വിശ്രമിക്കാന്‍ ഗുല്‍മോഹര്‍...
ഞാനോ അക്ഷരം ഉള്ളിലൊതുക്കി നില്‍ക്കുന്നു...

ഉന്മത്തതയുടെ വ്യാളീമുഖം...(കവിത)

നുണയെന്നു തോന്നിയേക്കാവുന്ന
ശില്പപത്തിലാണ്
ഭരണകൂട ഭീകരതയെന്ന സിനിമ.
പഴയ ബ്ലാക്ക്‌ ആന്ട് വൈറ്റില്‍ നിന്നും
ട്രൌസറിന്റെ,
മുളന്തണ്ടിന്റെ വേഷങ്ങളില്‍ നിന്നും
പുതിയ വെള്ളിത്തിരയില്‍
പുളപ്പോടെ...
നേര്‍ക്ക്‌ നേരെ,
പിരിഞ്ഞു പോകുമ്പോഴും
ഉന്നം പിടിച്ചു തോക്കുകള്‍...
ഉണ്ടകള്‍ എവിടെയും കൊള്ളട്ടെ
ഇര ചാവണം.
ഉടലിനേക്കാള്‍ വിലയേറിയ
തിര നഷ്ട്ടപ്പെടരുത്...
പണിപ്പുരയില്‍ ഒരുങ്ങുമ്പോള്‍
ഓരോ തിരയും പ്രതിജ്ഞയെടുത്തിട്ടുണ്ട്‌
തങ്ങളാലാവുംവിധം
ഇരയെ തകര്‍ക്കണമെന്ന്...
അതുകൊണ്ട്
തോക്കിനുള്ളിലും
അതിനൊരു പ്രാര്‍ഥനയുണ്ട്
ഇരവന്നുചാടാന്‍...
ഭരണത്തിന്റെ ധമനികളില്‍
ഉന്മത്തതയുടെ വ്യാളീമുഖമായി
നിറഞ്ഞാടുമ്പോഴും
ലെഫ്റ്റ് റൈറ്റ് അടിച്ചു മുന്നോട്ട്...