Thursday, September 27, 2012

മരണം


മരണം ഓര്‍ക്കാപ്പുറത്തല്ല   
കടന്നുവന്നത് .
അവസാനിക്കാന്‍ പോകുന്നു
എന്നുള്ള സൂചനകള്‍
മാസങ്ങള്‍ക്ക് മുമ്പേ കിട്ടി തുടങ്ങിയിരുന്നു.
അവസാനം,
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രാത്രിയില്‍
അതു മൂര്‍ഝിക്കുകകയായിരുന്നു. 
വെന്റിലെറ്ററിന്റെ  സഹായത്തോടെ
നേര്‍ത്ത ഒരു ശ്വാസം മാത്രമായി
ജീവന്റെ കണികകള്‍ കുറച്ചു നാള്‍ കൂടി
നീട്ടി കിട്ടി.
ഇനി ഇതൊന്നു തീര്‍ന്നു കിട്ടിയാല്‍ മതി എന്ന്
സ്വന്തം മനസ്സുപോലും ആഗ്രഹിക്കാന്‍ തുടങ്ങിയ ശേഷമാണ്
അതു പൂര്‍ണ്ണമായി സംഭവിച്ചത്.
പതുക്കെയുള്ള മരണം
വേര്‍പാടിന്റെ ആഘാതം കുറയ്ക്കുമെന്ന്
അങ്ങനെയാണ് ഞാന്‍ അറിഞ്ഞത്.
ശവപ്പെട്ടിയിലെ  
അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു.
ഇപ്പോള്‍ ഞാന്‍ സ്വസ്ഥയാണ്  .

Wednesday, September 12, 2012

ഒറ്റ നോട്ടം (ഒരു അമീര്‍ ഖുസ്രു കവിത )

എന്റെ രൂപം

എന്റെ സ്വത്വം


എല്ലാം നീ ഒറ്റ നോട്ടത്താല്‍


അപഹരിച്ചല്ലോ !


പ്രണയ 
വീഞ്ഞ് നല്‍കി

ഒറ്റ നോട്ടത്താല്‍


നീയെന്നെ ഉന്മത്തനാക്കി.


പച്ച വളകളണിഞ്ഞ


ലോലമായ എന്റെ കൈത്തണ്ടകള്‍

 

ഒറ്റ നോട്ടത്താല്‍ നീ നിന്റെ കൈക്കുള്ളിലാക്കി.

എന്റെ ജീവിതം ഞാന്‍ നിന്നിലര്‍പ്പിക്കുന്നു.


പ്രിയ ചായം മുക്കുകാരാ,


ഒറ്റ നോട്ടത്താല്‍ നിന്റെ ചായത്തില്‍ മുക്കി


എന്നെ നീ നിന്റെതാക്കി.


എന്റെ ജീവിതം പൂര്‍ണ്ണമായി


ഞാന്‍ നിന്നിലര്‍പ്പിക്കുന്നു.


ഓ നിസാം, ഒറ്റ നോട്ടത്താല്‍


നീയെന്നെ നിന്റെ വധുവാക്കി മാറ്റിയല്ലോ !


എന്റെ രൂപം


എന്റെ സ്വത്വം


എല്ലാം നീ ഒറ്റ നോട്ടത്താല്‍


അപഹരിച്ചല്ലോ !

Saturday, August 18, 2012

ഒരു അമീര്‍ ഖുസ്രു കവിത

നിന്റെ കണ്ണുകള്‍ വര്‍ണ്ണിച്ചും
കഥകള്‍ മെനഞ്ഞും
ഇനിയുമെത്ര നാള്‍
കഴിയാനാകും?
പ്രിയനേ,
നീയെന്തേ എന്നെ
നിന്റെ നെഞ്ചോടു ചേര്‍ക്കാത്തൂ?

വേര്‍പാടിന്റെ രാവുകള്‍ക്ക്‌
ദൈര്‍ഘ്യമേറുന്നു
സമാഗമ ദിനങ്ങളോ,
ജീവിതം പോലെ ക്ഷണികവും.
പ്രിയതമന്റെ സാമീപ്യമില്ലാതെ
എങ്ങനെ ഞാനീ
ഇരുണ്ട രാത്രികള്‍ തരണം ചെയ്യും?

ആ മാന്ത്രിക നയനങ്ങള്‍
ഏത് ഇന്ദ്രജാലത്താലാണ്
എന്റെ മനസ്സിന്റെ സ്വസ്ഥത കെടുത്തിയത് !
എന്നാല്‍ , എന്റെ ഈ അവസ്ഥ
പ്രിയനേ ഞാന്‍ എങ്ങനെ അറിയിക്കും ?

ദീപങ്ങളെരിയുന്നു,
ഓരോ അണുവും ഊര്‍ജ്ജസ്വലം.
ഞാനോ,
മിഴികളില്‍ നിദ്രയും
ഉള്ളില്‍ സ്വാസ്ഥ്യവുമില്ലാതെ
പ്രണയത്താല്‍ അലയുകയും.

നീയെന്തേ ഇനിയും വന്നില്ല?
നിന്റെ സന്ദേശമെങ്കിലും
എന്തേ
ഇനിയുമെന്നെത്തേടി എത്തിയില്ല?