Saturday, August 18, 2012

ഒരു അമീര്‍ ഖുസ്രു കവിത

നിന്റെ കണ്ണുകള്‍ വര്‍ണ്ണിച്ചും
കഥകള്‍ മെനഞ്ഞും
ഇനിയുമെത്ര നാള്‍
കഴിയാനാകും?
പ്രിയനേ,
നീയെന്തേ എന്നെ
നിന്റെ നെഞ്ചോടു ചേര്‍ക്കാത്തൂ?

വേര്‍പാടിന്റെ രാവുകള്‍ക്ക്‌
ദൈര്‍ഘ്യമേറുന്നു
സമാഗമ ദിനങ്ങളോ,
ജീവിതം പോലെ ക്ഷണികവും.
പ്രിയതമന്റെ സാമീപ്യമില്ലാതെ
എങ്ങനെ ഞാനീ
ഇരുണ്ട രാത്രികള്‍ തരണം ചെയ്യും?

ആ മാന്ത്രിക നയനങ്ങള്‍
ഏത് ഇന്ദ്രജാലത്താലാണ്
എന്റെ മനസ്സിന്റെ സ്വസ്ഥത കെടുത്തിയത് !
എന്നാല്‍ , എന്റെ ഈ അവസ്ഥ
പ്രിയനേ ഞാന്‍ എങ്ങനെ അറിയിക്കും ?

ദീപങ്ങളെരിയുന്നു,
ഓരോ അണുവും ഊര്‍ജ്ജസ്വലം.
ഞാനോ,
മിഴികളില്‍ നിദ്രയും
ഉള്ളില്‍ സ്വാസ്ഥ്യവുമില്ലാതെ
പ്രണയത്താല്‍ അലയുകയും.

നീയെന്തേ ഇനിയും വന്നില്ല?
നിന്റെ സന്ദേശമെങ്കിലും
എന്തേ
ഇനിയുമെന്നെത്തേടി എത്തിയില്ല?